Breaking News
Loading...
Thursday, July 10, 2014

Info Post

രാജ്ഭവന്‍ മോടിയാക്കാന്‍ നാലു ലക്ഷം, പാചകക്കാര്‍ക്ക് ശമ്പളം ഒന്നേകാല്‍ ലക്ഷം, വൈദ്യുതി ബില്‍ ഒന്നര ലക്ഷം; ഷീലാ ദീക്ഷിതിനെ കേരളം പോറ്റുന്നത് ലക്ഷങ്ങള്‍ മുടക്കി

Image Browse  കേരളാ ഗവര്‍ണറായി ഷീലാ ദീക്ഷിത് എത്തിയശേഷം അവരുടെ ആവശ്യപ്രകാരം രാജ്ഭവന്‍ മോടിപിടിപ്പിക്കാന്‍ ചെലവായത് നാലു ലക്ഷത്തോളം രൂപ. കൃത്യമായി പറഞ്ഞാല്‍  3,81,025 രൂപ.! ഗവര്‍ണര്‍ക്കും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമായി അഞ്ച് ജോലിക്കാര്‍. ഇവര്‍ക്ക് പ്രതിമാസം ശമ്പള ഇനത്തില്‍ മാത്രം നല്‍കുന്നത് 1,14,123 രൂപ.  ഇവര്‍ അടക്കം രാജ്ഭവന്‍ ജീവനക്കാരുടെ എണ്ണം എണ്ണം 94.

രാജ്ഭവനിലെ വൈദ്യുതി ബില്‍ മാത്രം ഒന്നര ലക്ഷം രൂപ വരും. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വസതയില്‍ 31 എസി. 14 ഹീറ്ററുകള്‍, 15 കൂളറുകള്‍, 16 എയര്‍ പ്യൂരിഫയറുകള്‍ തുടങ്ങി ഹോം അപ്ലയന്‍സസ് ഷോപ്പുകളെ വെല്ലുന്ന വീട്ടുപകരണങ്ങള്‍ ഷീലാ ദീക്ഷിത് സ്ഥാപിച്ചത് കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങള്‍ വന്‍വാര്‍ത്തയാക്കിയിരുന്നു. ഡല്‍ഹി ഭരണം പോയി കേരളാ ഗവര്‍ണര്‍ ആയി എത്തിയപ്പോഴും ആഡംബരം കുറഞ്ഞിട്ടില്ലെന്നു സാരം.

നിഖില്‍ കുമാര്‍ സ്ഥാനം രാജിവച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയ ഷീലാ ദീക്ഷിത് ആദ്യം ചെയ്തത് സ്വീകരണ മുറിയിലെ സോഫകള്‍ മാറ്റുകയായിരുന്നു. ഫര്‍ണിച്ചറുകള്‍ പോളിഷും പെയിന്റും ചെയ്തു. മുന്‍ ഗവര്‍ണറുടെ കാലത്ത് രാജ്ഭവനിലെ പ്രതിമാസ വൈദ്യുതി ബില്‍ അരലക്ഷത്തിനു താഴെയായിരുന്നു. ഇതാണ് ഇപ്പോള്‍ ഒന്നര ലക്ഷമായത്.

മാര്‍ച്ച് 11നാണ് ഷീലാ ദീക്ഷിത്  കേരളാ ഗവര്‍ണറായി സ്ഥാനം ഏറ്റെടുക്കുന്നത്. ഷീലാ ദീക്ഷിതിന്റെ സഹോദരിമാരും കുട്ടികളും പേരക്കുട്ടികളും തങ്ങുന്നതും രാജ്ഭവനിലാണ്. ഗവര്‍ണര്‍ക്കായി മെര്‍സിഡസ് ബെന്‍സും കാമ്രിയുമാണ് സര്‍ക്കാര്‍ വിട്ട് നല്‍കിയിരിക്കുന്നത്. ഈ വാഹനങ്ങളിലാണ് ഗവര്‍ണറും ബന്ധുമിത്രാദികളും മൂന്നാര്‍,തേക്കടി, ചിന്നാര്‍,കുമരകം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ഉല്ലാസയാത്ര നടത്തിയത്. ഗവര്‍ണര്‍ക്കായി നല്‍കിയിരിക്കുന്ന രണ്ടു വാഹനങ്ങളും കൂടി അരലക്ഷം കിലോമീറ്ററാണ് ഒരോമാസവും ഓടുന്നത്. 

ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ ഔദ്യോഗിക വസതിയായിരുന്ന മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ നാലു കിടപ്പുമുറികളുള്ള ബംഗ്ലാവ് ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക വസതിയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) നല്കിയ റിപ്പോര്‍ട്ടിലാണ് മുന്‍ മുഖ്യമന്ത്രിയുടെ ആഡംബര ജീവിതത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ബംഗ്ലാവിലെ ഇലക്ട്രിക് പുനരുദ്ധാരണ ജോലികള്‍ക്കായി മാത്രം 16.81 ലക്ഷം രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷീല ദീക്ഷിത് കേരള ഗവര്‍ണറായി രാജ്യതലസ്ഥാനം വിടുമ്പോള്‍ ബംഗ്ലാവിലെ പല ഉപകരണങ്ങളും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലേക്കു മാറ്റി സ്ഥാപിച്ചതായും സിപിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു. മൂന്നര ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവ് 1920ല്‍ നിര്‍മിച്ചതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‌വിക്കു ശേഷം ബംഗ്ലാവ് വിട്ട ഷീല ദീക്ഷിത് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഫിറോസ്ഷാ റോഡിലുള്ള സ്വകാര്യ ഫ്‌ളാറ്റിലേക്ക് മാറിയിരുന്നു. പ്രധാനമന്ത്രി പദമൊഴിഞ്ഞ മന്‍മോഹന്‍ സിംഗിനു താമസിക്കാനായി 35 ലക്ഷത്തോളം രൂപ മുടക്കിയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.
Share:

0 comments:

Post a Comment